പഴക്കാല ഓർമ്മകൾ

മറക്കാത്ത ഓർമ്മകൾ  (googled image)
ചെറുപ്പകാലത്ത്  വീട്ടിലെ തൊടിയിൽ നിറയെ കശുമാങ്ങയും പ്ലാവും മാവും ഞാവൽ പഴവും കരിമ്പനയും  (പനനൊങ്ക്) നിറഞ്ഞു നിന്നിരുന്നു. വേലികെട്ടുകൾ പകുത്തെടു ക്കാത്ത പറമ്പ് പോലെ തന്നെ വിശാലമായിരുന്നു എല്ലാവരുടെയും മനസ്സ്. കണ്ണിമാങ്ങക്കാലം തൊടിയിൽ നിറയെ കുട്ടികളും അയൽവീട്ടുകളിലെ താത്തമാരും മറ്റും വന്നു പൊഴിഞ്ഞു കിടക്കുന്ന കണ്ണിമാങ്ങകൾ പെറുക്കി ഉടുത്ത ഡ്രെസ്സിൻറെ ഒരു ഭാഗം  (കോന്തലക്കൽ) സഞ്ചി പോലെയാക്കി അതിൽ ഇട്ടുകൊണ്ട് പോകുന്നത് പതിവ് കാഴ്ചകളാണ്. 

വരുമ്പോഴും പോകുമ്പോഴും വീട്ടിലെ വിശേഷം അന്വേഷിച്ചും പുറം ലോകത്തെ വിശേഷം പങ്കുവച്ചും പോയിരുന്നത് മനസ്സിൽ ഒരു വിങ്ങലായി അതൊരു നഷ്ടമായി തോന്നുന്നത് അടച്ചു കെട്ടിയ ഈ  ഫ്ലാറ്റ് ജീവിതം നയിക്കുമ്പോഴാണ്. ആകാശവാണി കഴിഞ്ഞാൽ പിന്നെ മറ്റൊരു വാർത്ത ചാനെൽ തന്നെ  ആയിരുന്നു ഈ സ്നേഹ സംഭാഷണങ്ങൾ. നാട്ടിലേയും അയൽ നാട്ടിലേയും സകലമാന നാരീ-നാരായണന്മാരുടെയും  അടക്കം പറച്ചിലുകളിലെ രഹസ്യവും  അവരുടെ മനസ്സിൽ നിന്നും മനസ്സുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നത് ഒരുത്സവത്തിന്റെ ലഹരികൾ സമ്മാനിച്ചിരുന്നു.


തൊടിയിലെ മാവിൻചുവട്ടിലെ കുട്ടികളുടെ കലപിലകളും അണ്ണാൻകുഞ്ഞുങ്ങളുടെ ചിലമ്പലുകൾക്കിടയിൽ  പക്ഷികളുടെ കുറുകലുകൾ കാറ്റിൻറെ മർമരത്തിൽ ലോകത്തോട്‌ പറയുന്നത് വലിയ സന്ദേശമാണ്. എല്ലാം പോയ കാലത്തിലെ നഷ്ടത്തിൻ താളുകളിലെ കുറിപ്പുകളായി മാറുന്നത് ഒരു കൌതുകം മാത്രമായി മാറി. 

കണ്ണിമാങ്ങകാലത്തിൽ ഉപ്പുകൂട്ടി തിന്നാനും , ഭരണിയിൽ ഉപ്പുവെള്ളത്തിൽ ഇട്ടുവച്ചത് എടുത്തു തിന്നാനും ഞങ്ങൾ മത്സരമാണ്. കണ്ണിമാങ്ങ വലുതായാൽ പിന്നെ ഉപ്പും മുളകും ചേർത്ത് തിന്നുന്നതും, പെങ്ങന്മാർ അമ്മിയിൽ വച്ച് ഉപ്പും മുളകും ചേർത്ത് ചതച്ചു കൊണ്ട് വരുന്നതും ഓർക്കുമ്പോൾ വായിൽ വെള്ളം നിറയും ഇപ്പോൾ കണ്ണിൽ കണ്ണീരും. 

മാങ്ങ മൂത്താൽ വെറുതെ കടിച് തിന്നാനും പഴുത്താൽ കയ്യിലും വായിലും ഒലിപ്പിച്ചു ചപ്പി നടക്കാനും ഒരു കൂട്ടം തന്നെ കാണും മാവിൻ ചുവട്ടിൽ. മൂപ്പാകുമ്പോൾ ഉപ്പ അവയെല്ലാം പൊട്ടിച്ചു മാങ്ങാ ഷെഡിലേക്ക് മുളയുടെ ചീളുകൾ കൊണ്ട് ഉണ്ടാക്കിയ കോട്ടകളിൽ നിറച്ചു ജീപ്പിൽ കൊണ്ട് പ്പോകുന്നതും മനസ്സില് നിന്നും മറയാത്ത കാഴ്ചകൾ തന്നെയാണ്. മാങ്ങ പറിക്കുമ്പോൾ (പൊട്ടിക്കുമ്പോൾ) നിലത്തു വീണു പൊട്ടിയ മാങ്ങകൾ കൊണ്ട് പോകാനും അവ അയൽപക്കത്തെ വീട്ടുകളിൽ എത്തിക്കാനും കുട്ടികളായ ഞങ്ങളുടെ ചുമതലകൾ ആയിരുന്നു. 


അന്ന് രാത്രി വൈക്കോൽ വിരിച്ചു മൂപ്പെത്തിയ മാങ്ങകൾ പഴുപ്പിക്കാൻ വക്കുന്നതും രണ്ടു മൂന്നു ദിവസം ആരും ഇതിൽ നിന്നെടുക്കെരുതെന്നു ഉമ്മാടെ സ്നേഹ ശാസിക്കലുകൾക്കിടയിൽ അവ പഴുത്തു പാകമാകും മുന്നേ തന്നെ പലവട്ടം പോയി നോക്കുന്നതും തിരിച്ചു കിട്ടാത്ത കാലത്തിലെ വലിയ വലിയ നഷ്ടങ്ങൾ മാത്രമാണ്. 

ഒരിക്കൽ മാങ്ങ പറിക്കുമ്പോൾ ഒരു കൊമ്പിൽ ആണ്ണാൻ കുഞ്ഞു നിറുത്താതെ ചിലക്കുന്നത് കണ്ടു ആ കൊമ്പിലെ ആ ഭാഗത്തിലെ മൂത്ത മാങ്ങകൾ പറിക്കാതെ തന്നെ (അവകളെ ശല്യമാക്കാതെ) മറ്റേ കൊമ്പുകളിലേക്ക് തിരിഞ്ഞപ്പോൾ ഉപ്പ  കാണിച്ചു തന്ന സഹജീവി സ്നേഹം തന്നെ മതി ആ മനസ്സിലെ ആഴങ്ങൾ അറിയാൻ. മാവിൽ നിന്നും ഇറങ്ങിയപ്പോൾ പറഞ്ഞു തന്നത് ആ കൊമ്പിലെ മാമ്പഴങ്ങൾ ആ അണ്ണാറക്കണ്ണനും അവയുടെ കുട്ടികൾക്കും  വേണ്ടിയുള്ളത് എന്നാണ്. 

കശുമാങ്ങ
പറങ്കിമാങ്ങ പഴുത്താൽ അവയുടെ അണ്ടികൾ (കശുവണ്ടി) പെറുക്കാനും കശുമാങ്ങ തിന്നാനും കൂട്ടുകാരോടൊപ്പം മണിക്കൂറുകൾ ചിലവഴിച്ചിരുന്നതും തൊടിയിൽ തന്നെയാണ്. കശുമാങ്ങ പെറുക്കി ഉമ്മാക്ക് കൊണ്ട് പോയി കൊടുത്താൽ അവകൾ കഴുകി കഷണങ്ങളാക്കി ഉപ്പു വിതറി വെയിലത്ത്‌ വച്ച് അല്പ്പം ഉണക്കിയെടുത്ത് തിന്നുമ്പോൾ ഉമ്മയുടെ സ്നേഹം
ചാലിച്ച ആ രുചികൂട്ടുകൾ ഇന്നും നാവിൻ തുമ്പിൽ നിറയാറുണ്ട്. വൈകുന്നെര സമയങ്ങളിൽ പുറത്തെ അടുപ്പിലെ കനലുകളിൽ കശുവണ്ടി ചുട്ടെടുത്തു തോടു പൊളിച്ചു അണ്ടിപ്പരിപ്പ് തിന്നാൻ തരുന്നതും അപ്പോൾ ഉയരുന്ന ഉന്മാദ ഗന്ദം പോലെ ഓർമ്മകൾ എന്നെ ലഹരി പിടിപ്പിക്കുന്നു.

പ്ലാവിൽ നിന്നും മൂത്ത ചക്കകൾ ഇട്ടു പഴുപ്പിച്ചും, ഉപ്പേരി വച്ചും തിന്നുമ്പോൾ പഴമയുടെ കല്യാണത്തിനു ഈ ചക്കയായിരുന്നു വിരുന്നിനു എന്നും പറഞ്ഞു അവരുടെ ഓർമകൾ ചെപ്പു തുറക്കുന്നതും കേൾക്കാൻ കൊതിയോടെ തന്നെ കാത്തിരിക്കും. മനസ്സും നിറയും വയറും നിറയും അവിടെ. 

ഞാവൽപഴം

ഞാവൽക്കാലമായാൽ  വീട്ടിലെ തൊടിയിൽ പിന്നെ കുട്ടികളുടെ മത്സരമാണ്. എന്റെ നാട്ടിലെ മാത്രമല്ല അടുത്ത നാട്ടിൽ നിന്നുപോലും കുട്ടിപട്ടാളം വന്നു മരങ്ങളിൽ കയറി പൊട്ടിച്ചും കയ്യെത്താത് കുലുക്കി ച്ചാടിച്ചും പെരുക്കിയെടുത്തും അവകൾ തേക്കിന്റെ ഇലയിൽ പൊതിഞ്ഞു നീല ചുണ്ടുകളും നീല നാക്കുകളുമായി പോകുന്നത് നിത്യ കാഴ്ചകൾ തന്നെയാണ്. അക്കാലത്തു മാത്രം പെൺകുട്ടികളോട് പാവം തോന്നും കാരണം അവര്ക്ക് എന്നും കിട്ടുന്നത് നിലത്തു വീഴുന്നതുമാത്രം ആകും കാരണം വിരുതന്മാർ മരത്തിനു മുകളിൽ കയറി പറിച്ചെടുക്കും മാത്രമല്ല അവർ കുലുക്കുന്നത് പറക്കാൻ താഴെ അവരുടെ തന്നെ ആളുകളും കാണും അതിനാൽ  തന്നെ മിക്ക ദിവസങ്ങളിലും വഴക്കും കലപിലകളും കൊണ്ട്  ഞാവൽ ചുവട്ടിൽ ഇണക്കവും പിണക്കവും പതിവായിരുന്നു. 


അധിക വഴക്കുകളും തീർക്കുന്നത് വീട്ടുകാരായ ഞങ്ങൾ തന്നെയാണ് (ഗമയാണ്‌ മനസ്സിൽ , കാരണം ഇതെല്ലാം എന്റ പറമ്പിൽ ആണല്ലോ, അപ്പോൾ അധികാരിയും ഞങ്ങൾ തന്നെ) , ചിലരെ പറഞ്ഞു വിടും , ചിലരെ അവിടെ നില്ക്കാനും സമ്മതിക്കും ( ഹ ഹ ഹ ) പക്ഷെ നന്മകളുടെ ഫലങ്ങൾ മനസ്സിൽ എമ്പാടും ഉണ്ടായിരുന്നത് കൊണ്ടാണോ എന്തോ ഞങ്ങൾ അത്ത്രക്കങ്ങ്‌ കാർക്കശ്യം കാണിച്ചിരുന്നില്ല. (സത്യത്തിൽ വെറും കയ്യോടെ പോകുന്നത് കണ്ടാൽ ഉമ്മയോ, ഉപ്പയോ, അതുമല്ലെങ്കിൽ മൂത്തുമ്മയൊ മൂത്താപ്പയോ അവരെ വിളിച്ചു കാര്യം അന്വേഷിച്ചാൽ പിന്നെ ഞങ്ങളുടെ കാര്യം പോക്കാ ) 


ഇങ്ങിനെ പഴക്കാലങ്ങളിൽ വീട്ടിലെ തൊടിയിലേക്ക്‌ മനസ്സ് ചേക്കേറാൻ ഒരു കാരണം ഉണ്ട് , റൂമിലെ ഒരു ചെറിയ വഴക്കിനു കാരണം ഒരു ഓറഞ്ചു ആരോ ചോദിക്കാതെ എടുത്തു എന്നതായിരുന്നു. അവിടെ ആ പഴത്തിനു ദിർഹമായിരുന്നു പേര്. മാത്രമല്ല എല്ലാ സാധനങ്ങൾക്കും  ദിർഹം എന്ന ഒരു ഭരണനയം മനസ്സുകളിൽ ഉണ്ടായിരുന്നു. അവരെ ചിന്തിപ്പിക്കുന്നത് , പ്രവർത്തിപ്പിക്കുന്നത് ആ ഒരു സാമ്പത്തിക ചിന്ത മാത്രമായിരുന്നു. ഒരു സഹമുറിയനോട് പാലിക്കേണ്ട മര്യാദകൾ ദിര്ഹം കൊണ്ട് മാത്രമാണ് ഇവിടെ നിർവചിച്ചിരിക്കുന്നത്. എന്തായാലും അവരുടെ സ്നേഹത്തിൻറെ കെമിസ്ട്രീ അപ്പോൾ മൈനസ്സിലും താഴെയായിരുന്നു. ഇവരൊക്കെ സ്നേഹത്തിൻ കൊടുക്കൽ-വാങ്ങലുകൾ ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് ആലോചിച്ചു പോയി 

കൂട്ടരേ വരൂ, കൂട്ട്കൂടി സ്നേഹത്തിലും ദുഖത്തിലും നമുക്ക് പങ്കു ചേരാം നാളെയുടെ നന്മകൾ ഇന്ന് തന്നെ നമുക്ക് പണിതുയർത്താം 


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌