കാലത്തിന്‍റെ മാറ്റം 


തിരക്ക് പിടിച്ച ഓഫീസ് , 
           ഇമ വെട്ടാതെ കമ്പ്യൂട്ടറിനു മുന്നിലിരുന്നു ജോലി ചെയ്യുന്ന പ്രവാസികള്‍ , തിരക്കൊന്നൊഴിഞ്ഞ ശേഷം കണ്ണിന് ഒരാശ്വാസം കിട്ടുന്നതിന്നായി ഞാന്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു പുറത്തേക്കു നോക്കി.  താഴെ വരി വരിയായി നീണ്ടു പോകുന്ന വാഹനങ്ങള്‍ നാനാഭാഗത്തേക്കും വളഞ്ഞു പുളഞ്ഞു പോകുന്ന വീതിയുള്ള റോഡുകള്‍ ഇരുവശങ്ങളിലും തലയുയര്‍ത്തി നില്‍ക്കുന്ന ബഹുനില കെട്ടിടങ്ങള്‍ , ഫൂട്ട് പാത്തിലൂടെ തിരക്കിട്ടോടുന്ന മനുഷ്യ സഞ്ചയം, വാഹനങ്ങള്‍ ഏതെന്നു പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല  അത്രക്കും ഉയരമുള്ള കെട്ടിടത്തിലാണ് ഞാന്‍ നില്‍ക്കുന്നതെന്നത് ഒരു നിമിഷം മനസ്സില്‍ ഓടിയെത്തി, പലപ്പോഴും ഓര്‍മ്മകള്‍ ഒടിവരിക ഒരു മുന്നറിയിപ്പുമില്ലാതെയാണല്ലോ. 


         ശുദ്ധവായു കിട്ടുവാനെന്നോണം കര്‍ട്ടന്‍ ഒന്നുകൂടി ചുരുട്ടി വച്ചു. പുക പലങ്ങലടങ്ങിയ ഈ അന്തരീക്ഷത്തില്‍ എവിടെയാണ് ശുദ്ധവായു , പെട്ടെന്ന് ഒരു ചിരിയാണ് മനസ്സില്‍ തോനിയത്‌, ജനിച്ചു വളര്‍ന്ന ആ ഗ്രാമം എത്ര സുന്ദരമായിരുന്നു , ഇരുവശങ്ങളിലും നെല്‍പാടങ്ങള്‍ , പച്ചപട്ടുടുത്ത നെല്‍പാടങ്ങള്‍  കുറച്ചു കാലം കഴിഞ്ഞാല്‍ സുവര്‍ണ്ണ നിറമായി മാറുന്നു. പിന്നെ നാടിന്നോരുല്‍സവമാണ് വീട്ടു മുറ്റങ്ങളില്‍ നിറയെ വൈക്കോല്‍ കുണ്ടകള്‍, ചാണകം മെഴുകിയ പരമ്പില്‍ ഉണക്കാനിടുന്ന സ്വര്‍ണ്ണ മണികള്‍ ,  ഗ്രാമ കന്യകയുടെ  അരഞ്ഞാണം പോലെ ചെറു തോടും,  ഇട തൂര്‍ന്ന തെങ്ങിന്‍ തോപ്പുകളും കവുങ്ങുകളും , വാഴതോപ്പുകളും -- ഹോ എത്ര തവണയാണ്‌ അവകള്‍ക്കിടയില്‍ ഓടി കളിച്ചതും മറ്റും , സ്കൂള്‍ വിട്ടു വീട്ടിലെത്തും മുമ്പ് കയറാത്ത മാവുകള്‍ അപൂര്‍വ്വം, പരിക്ക് പറ്റാത്ത ദിവസങ്ങള്‍ അന്ന് തുലോം വിരളം, അന്നെല്ലാം ഗ്രാമങ്ങളെ വൃത്തിയായി സൂക്ഷിച്ചിരുന്നു വീടുകളെ പോലെ , കാലി തൊഴുത്തില്‍ ഐശ്വര്യത്തിന്‍റെ അടയാളമായി പശുക്കളും കിടാങ്ങളും ഇനി ഓര്‍മ്മ മാത്രം.
      

         കഴിഞ്ഞ പോക്കിനാണ് ടൂഷന്‍ പഠിപ്പിക്കാന്‍ വന്ന സുലൂനോടു കുട്ടികള്‍ പറയുന്നത് കേട്ട് ഞാന്‍ ചിരിച്ചു " നമുക്ക് പാല്‍ കിട്ടുന്നതെവിടെ നിന്നാണ് " സുലു പറഞ്ഞു തീര്‍നില്ല അതിനു മുന്നേ മറുപടി വന്നു , മില്‍മയില്‍ നിന്നും ..അപ്പോള്‍ ഞാനോര്‍ത്തത് വീട്ടിലെ പാവം പിടിച്ച ആടുകളെ ആയിരുന്നു , അവയുമായി പങ്കിട്ട നിമിഷങ്ങള്‍ , എന്തൊരു സ്നേഹമാണ് അവക്ക്, പറഞ്ഞത് പോലെ അനുസരിക്കും , അടിച്ചാല്‍ പോലും തിരിച്ചു ഒന്നും കാട്ടില്ല ക്ഷമയുടെ ഒരു പ്രതീകം തന്നെയാണ് ആടുകള്‍ , സ്കൂള്‍ വിട്ടു വന്നാല്‍ പിന്നെ അവക്ക് ചുറ്റുമായി കുറേനേരം , പോകുമ്പോള്‍ പിന്നില്‍ തൂങ്ങി കൂടെ വരുന്ന കിങ്ങിണി കുട്ടികള്‍ അവയുമായി കുസൃതിതരങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പലപ്പോഴും ഉമ്മ വഴക്ക് പറഞ്ഞിട്ടുണ്ട് , അവയെ കുത്തല്‍ പഠിപ്പിക്കാന്‍ ഒരു ഹരമാണ് -

   പെട്ടെന്നുള്ള ഒരു മിസ്സ്ഡ് കോള്‍ ആണ് എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത് അതും നാട്ടില്‍ നിന്നും പ്രിയതമ.  എന്നിട്ടും മനസ്സ് ആ പാടവരമ്പില്‍ നിന്നും തിരിച്ചു വന്നില്ല , ഇന്നെല്ലാം നഷ്ടപെട്ടു വിളഞ്ഞു നില്‍ക്കുന്ന നെല്‍പാടങ്ങള്‍ ഇല്ല അവക്ക് പകരം റബര്‍ തോട്ടങ്ങളും ബഹുനില കെട്ടിടങ്ങളും , പൈപ്പിലൂടെ വരുന്ന വെള്ളം അതിനായി കാത്തു നില്‍ക്കുന്ന സ്ത്രീ ജനങ്ങള്‍ പണ്ടത്തെ എന്തോ ഒന്നിനെ ഓര്‍മിപ്പിക്കുന്നു അവിടെയും കിട മത്സരമാ പരസ്പരം മത്സരിച്ചു അതിജയിക്കാനുള്ള ഒരു പിടയല്‍ , ബൈക്കുകളിലും കാറിലും പോകുന്ന മുഖങ്ങള്‍ ഒന്ന് പുഞ്ചിരിക്കാന്‍ പോലും സമയമില്ല , ആരും കൂട്ടിനില്ല എന്നാലും എല്ലാവരും ഒരു വിളിക്കപ്പുറത്താണ്, നാട്ടില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തവര്‍ ഇല്ല എന്ന് തന്നെ പറയാം , കല്യാണം വിളി , ഒത്തു ചേരല്‍ എല്ലാം ഇപ്പോള്‍ ഫേസ് ബുക്ക്‌ വഴിയും ചാറ്റിങ് വഴിയും ആയി മാറി , എല്ലാവരുടെയും ദൂതനായി ഇന്‍റെര്‍നെറ്റുമായി മാറി.


സര്‍, പിന്നില്‍ നിന്നും എന്നെ ആരോ വിളിച്ചു , തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു  കസ്റ്റമര്‍ വന്നിരിക്കുന്നു , എന്‍റെ മനസ്സിനെ ചിന്തയില്‍ നിന്നും പറിച്ചെടുത് വീണ്ടും ഞാന്‍ കമ്പ്യൂട്ടറിന് മുന്നില്‍ പിടിച്ചിരുത്തി. 

റാഫിയാ സാദിക്ക് 

എന്‍റെ പ്രിയതമ എഴുതിയ ഒരു കഷണം ആണിത് - അവളുടെ കോളേജ് മാഗസിനില്‍ എഴുതിയതില്‍ നിന്നും ഒരു താള്‍  അവള്‍ക്കു വേണ്ടി ഞാനിതു സമര്‍പ്പിക്കുന്നു. 



അഭിപ്രായങ്ങള്‍

  1. പ്രവാസികൾക്കു നഷ്ടപ്പെട്ട സുദിനങ്ങളുടെ ഓർമ്മ., പക്ഷേ ഇപ്പോ നാട്ടിലുമീ കാഴ്ച്ചകൾ അപൂർവ്വമായിക്കൊണ്ടിരിക്കുകയാണു, തിരക്കുപിടിച്ച അണുകുടുംബ ജീവിതത്തിൽ ഒക്കെ നൊമ്പരപ്പെടുത്തുന്ന ഓർമകൾ മാത്രം..

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നന്ദി സുഹൃത്തേ - വീണ്ടും വരിക

ജനപ്രിയ പോസ്റ്റുകള്‍‌