നീറുന്ന രഹസ്യങ്ങൾ

വിസിറ്റ് ആയതിനാൽ ജോലിയെല്ലാം തിരയുന്ന മനം മടുപ്പിക്കും ജോലി ഒരുവിതം നിറുത്തി ഒന്ന് കുളിച്ചു വന്നപ്പോൾ സഹമുറിയൻ പുതപ്പിൽ നിന്നും തല പുറത്തിട്ടുകൊണ്ട് പതുക്കെ പറഞ്ഞു "ങ്ങടെ ചെങ്ങായിയാണ് പോലും , ഫോൺ ബിളിച്ചിർന്നു".

ഒന്ന് കുത്തിയാൽ അൽപം കഴിഞ്ഞു ഉണരുന്ന ഫോണിൽ ഞാൻ എന്നെ വിളിച്ച ചങ്ങാതിയെ തിരഞ്ഞു.  വിളിച്ചപ്പോൾ പറഞ്ഞു ഇവിടേക്കു  വരുന്നുണ്ട് നാട്ടിലേക്ക് കുറച്ചു പണം അയക്കണം കുറവുള്ള ഒരു ഇരുനൂറ്റി അമ്പതു എടുത്തു വെക്കാൻ പറഞ്ഞു. 

നടന്നു വന്നത് കൊണ്ട് തന്നെ നന്നായി കിതക്കുന്നുണ്ട്‌ മൂപ്പർ , വന്നയുടനെ തന്നെ എന്നെയും കൂട്ടി അൽവഹ്ദ മാളിലെ എക്സ്ചേഞ്ചിൽ കയറി പോക്കറ്റിൽ  കുറിച്ച് വച്ച അക്കൗണ്ട്‌ നമ്പറിൽ പണമയക്കാൻ പറഞ്ഞു. സ്‌കൂളിൽ ഗുസ്തി പിടിക്കാനും മറ്റും പോയതിനാൽ വായിക്കാനും എഴുതാനും അറിയാത്ത ഒരു കലിപ്പ് ബാല്യത്തോടു ഉണ്ട് അങ്ങേർക്കു. 

പണം അയച്ചു നാട്ടിലേക്ക് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കെ എന്നെ അമ്പരപ്പിച്ചു കൊണ്ട് പറയുന്നു.  "ഇതാ ഇപ്പം ബിരിയാണീ കഴിച്ചോണ്ടിറങ്ങി , സുലൈമാനി പറഞ്ഞിട്ടുണ്ട് ആ പഹേൻ (വെയിറ്റർ)  കൊണ്ട് വരുന്നതും കാത്തു ബില്ലടക്കാൻ കാത്തു നിൽക്ക്യാൺ" എനിക്ക് ഒന്നും മനസ്സിലാകും മുമ്പേ പറഞ്ഞു, നമുക്ക് ഓരോ സുലൈമാനി തന്നെ കുടിക്കാം എന്തായാലും ബിരിയാണി ഇഷ്ടല്ലേലും സുലൈമാനി കുടിക്കാലോ , നടക്കങ്ങു ഹമുക്കെ. 



കഫ്ത്തീരിയയിൽ നിന്നും ചായ വാങ്ങി പുറത്തു ചെറുതണുപ്പിൽ  കുറച്ചു നേരം ഇരുന്നു , നാട്ടിൽ വീട്ടിലെ മനസ്സിൽ തറക്കുന്ന സങ്കടങ്ങളിൽ ചിലത് പറഞ്ഞു ഒത്തിരി സങ്കടപെട്ടു. എല്ലാം ശരിയാകും എന്ന് പറഞ്ഞപ്പോൾ ഒന്ന് മൂളുക മാത്രം ചെയ്തു .

നൊമ്പരപ്പെടുത്തികൊണ്ട് അവസാനമായി പറഞ്ഞു; "ഒന്ന് നിൽക്കാൻ നിനക്ക് കഴിഞ്ഞാൽ പതുക്കെ നാട്ടിലേക്ക് പോവുക എന്നിട്ട് അവിടെ വടി കുത്തിപിടിചാലും വേണ്ടില്ല അവിടെ തന്നെ വല്ലതും നോക്കിക്കോ. ഇവിടെ നിന്ന് കറവ പശു ആകരുത് എന്നെ പോലെ. മൂത്തമോനെ പോലീസ് സ്റ്റെഷനിൽ നിന്നും ഇറക്കാനാ പണം , കള്ളുകുടിച്ചു എന്തൊക്കെയോ ഒക്കെ ആക്കിട്ടോണ്ട് , ഓള് (മൂപ്പരുടെ  ബീടർ) അറിയാതെ പുറത്ത് പുറത്തിറക്കണം അതിനാ ഈ പൈസാ. മയ്യിത്ത്‌ കട്ടിലു കൊണ്ടായാലും അതും വീതം വെക്കും ഓർ, അത്രക്കും നന്ന് എന്റെയൊക്കെ സമ്പാദ്യം" 

നരച്ചു തുടങ്ങിയ തലകളിൽ കനം കൂടുമ്പോഴും കരയാൻ മടിക്കുന്ന പ്രവാസത്തിനു മുന്നിൽ തോൽക്കാൻ മനസ്സില്ലാതെ ആർക്കൊക്കയൊ എന്തിനോ  വേണ്ടി ജീവിക്കുന്ന ആ സ്വപ്‌നങ്ങൾ മറച്ചു വെച്ച ആ  പച്ചമാംസത്തെയും നോക്കി ഒന്നുമേ ഉരയാടാതെ ഞാൻ മൂകമായി തന്നെ അവിടെ കുറെ നേരം ഇരുന്നു. (അല്ല ഇരുത്തി കളഞ്ഞു) 


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌