കൊത്തികുറുക്കിയത്


എല്ലാം അടക്കി പിടിച്ചാണ് അവസാനത്തെ ദിവസം ആ മുറ്റത്തു നിന്നും ഇറങ്ങിയത്. മൊയ്തീന്‍ വാരിയ കാഞ്ചനയുടെ കാലടിപ്പാട് പതിഞ്ഞ മണ്ണ് ഇന്ന് സ്നേഹത്തിന്‍റെ തരിയായി മലയാളീ മനസ്സില്‍ വാരിയിട്ടിരിക്കുന്നു. ഈ സിനിമ അന്ന് വന്നിരുന്നെങ്കില്‍ ഒരു പക്ഷെ എന്‍റെ കയ്യിലും ഉണ്ടാകുമായിരുന്നു ഒരു പിടി മണ്ണ്. കല്യാണം കഴിഞ്ഞപ്പോള്‍ എന്‍റെ നാരി എന്‍റെ ഭൂതകാലത്തിലെ സകലമാന സ്ത്രീപക്ഷ സ്നേഹങ്ങളുടെ അവസാനത്തെ തരിപോലും വലിച്ചെറിഞ്ഞു. അതില്‍ വളപൊട്ടു മുതല്‍ കര്‍ചീഫ്‌ വരെ ഉണ്ടായിരുന്നു. കല്യാണത്തിന്‍റെ ഹരം തിളക്കുന്ന സമയത്ത് ഒരു പാടു അവകാശം സ്നേഹ പത്രത്തില്‍ ഒപ്പിട്ടു കൊടുത്തതിനു ഇത്രയും വില നല്‍കേണ്ടി വരുമെന്ന് ഓര്‍ത്തതും ഇല്ല. ഭാഗ്യം ഈ നാരീ ജ്വാലകള്‍ക്ക് മനസ്സ് ഡിലീറ്റ് ആക്കാന്‍ പറ്റാത്തത്.



കോളേജില്‍നിന്ന് അവസാന കാല്‍പാദം  എടുത്തു മാറ്റിയ സമയം ഓര്‍മയുണ്ട് പക്ഷെ ആ കാലടി പാടുകളില്‍ രണ്ടു മിനുറ്റ് തികയും മുമ്പ് പ്രിന്‍സിയുടെ ബജാജ് ചേതക് കയറ്റിപ്പോയപ്പോള്‍ അത്രയ്ക്ക് മടുത്തു അന്നെ ഇവിടെ എന്നാണു അര്‍ഥം എന്ന് പറഞ്ഞു തന്ന എന്‍റെ പ്രിയ സ്നേഹിതന്‍ ഇന്ന് പാവം രണ്ടു കുട്ടികളും ഒരു തള്ളയുമായി രസത്തില്‍ തന്നെ ജീവിക്കുന്നുണ്ട്. 

സ്കൂളിലെ ക്ലര്‍ക്കായിട്ടായിരുന്നു അവന്‍റെ അരങ്ങേറ്റം. ഞാന്‍ മണലാരണ്യത്തില്‍ ദിര്‍ഹം തെരയാന്‍ വന്നപ്പോ കിട്ടിയ ഒരു അവസരത്തില്‍ ഇങ്ങോട്ട് വരാന്‍ വിസയുടെ കാര്യം പറഞ്ഞപ്പോള്‍  അവന്‍ പറഞ്ഞ മറുപടി ഇപ്പോഴും മനസ്സില്‍ കിടന്നു കൊതിപ്പിക്കാറുണ്ട്. " ഇവടെ പത്ത് ടീച്ചര്‍മാര്‍ക്കിടയില്‍ രണ്ടേ രണ്ടു ആണുങ്ങളെ ഉള്ളൂ, അതില്‍ ഒരാള്‍ വയസ്സായി താടിയും മുടിയും നരച്ചുപോയി. ഇപ്പോള്‍ എല്ലാവര്‍ക്കും ഞാന്‍ തന്നെ വേണം  , ഞാനീ തരുണീമണികളുടെ ഇടയില്‍ അകോശിച്ചു നടക്കട്ടെ, കാശ് പിന്നെ വരും ഇത് ഇപ്പോഴേ കിട്ടൂ. " ഹോ കോരി തരിച്ചു പിന്നീടുള്ള അവന്‍റെ  വിവരണങ്ങള്‍. !!! 

ന്‍റെ  സലിംകുമാര്‍ജീ ദര്‍ശനം തന്നെ പുണ്യം ആണേ , പിന്നെ സ്പര്‍ശനമോ - മനസ്സില്‍ മൂത്ത അസൂയയും മറ്റുമായി ഞാന്‍ അവനെ സദാചാരമായി ഒന്ന് ഉപദേശിച്ചു. പക്കേങ്കില് അതൊക്കെ സാദാ ചാരമായി അവന്‍ കാറ്റില്‍ പറത്തി. പിന്നീടങ്ങു അവനെ വിളിക്കല്‍ തന്നെ ആയിരുന്നു. 
വിജ്രംബിച്ചു പോയ യവ്വനം !!!!


ആധുനികമായി തന്നെ ഞാനും വാട്സപ്പും ഫെസ്ബൂക്കും ഒക്കെ തൊടങ്ങി, എന്തോ എന്‍റെ കൂടെ പഠിച്ച ഒരു തരുണിയും ഈ ബൂക്കിലില്ല. അക്കാലത്തെ എല്ലാ പഹയന്മാരും പലപേരുകളില്‍ വിലസുന്നുണ്ട്. എന്‍റെ നിര്‍ഭാഗ്യത്തെ പഴിച്ചു കൊണ്ട് ഞാന്‍ മനസ്സില്‍ അടക്കം പറയാറുണ്ട് ഇങ്ങനെ" ടെക്നോളജി സാക്ഷരതയില്ലാത്ത ഈ കൂപ-മണ്ടോതരിമാരോടൊപ്പമാണല്ലോ ഞാന്‍ പഠിച്ചത്" 

അങ്ങിനെയിരിക്കെ അതാ വരുന്നു ഒന്നിന് പുറകില്‍ ഒന്നൊന്നായി പതിയെ പതിയെ,  അവിശ്വാസമാണ് ആദ്യം അവര്‍ക്ക് , ഞാനെങ്ങാന്‍ പറ്റിക്കുമോ എന്നൊക്കെ, അത് സാവകാശം മാറി പഴയ സ്നേഹബന്ദങ്ങള്‍ പറഞ്ഞു ചാറ്റിങ്ങില്‍ ചീറ്റിംഗ് ഇല്ലാതെ നടക്കുന്ന കാലത്ത് എന്‍റെ ഭാര്യയെ വൈഫൈ യുടെ നാട്ടിലേക്ക് കൊണ്ട് വന്നു. കഷ്ടായീ എന്ന് പറയാലോ , അതോടെ എന്‍റെ എല്ലാ ബുക്കും രഹസ്യകോടിട്ടു അതിലെ രഹസ്യങ്ങളെല്ലാം പച്ചയായി തന്നെ ചോദ്യം ചെയ്തു. ഒരു വേള അവളോടുള്ള എന്‍റെ ആത്മാര്‍ത്ഥമായ സ്നേഹത്തെ വരെ മുനയില്‍ നിറുത്തി. അതോടെ ഒഴിവു ദിനങ്ങളില്‍ ചാറ്റിങ്ങിലെ രസങ്ങളും ഇല്ലാതായി. എല്ലാം മോണിറ്റര്‍ ചെയ്യുന്ന മിസ്സിസ്സിനെ പേടിച്ചോ എന്തോ എന്‍റെ വാക്കുകളുടെ വഴക്കങ്ങളും ഒഴുക്കും പോയപ്പോള്‍ കൂട്ടുകാരികളും പതിയെ ഓഫ്‌ ലൈന്‍ ആയി


ഓരോ ദിവസവും ഓരോരോ ജീവിത രസങ്ങള്‍  നഷ്ടപെടുന്ന ഈ കാലത്ത് നമ്മള്‍ തളിര്‍ത്ത് വളര്‍ന്നു പച്ചമരമായി മാറുമ്പോഴും അവസാന ഇല പൊഴിയുന്ന കാലത്തില്‍ ആ തൊടിയില്‍ നിന്നും സ്കൂളിലെ ക്ലാസ്സുകളില്‍  നിന്നും ടീച്ചര്‍മാരുടെയും സാറുമാരുടേയും ശീലുകളില്‍ നിന്നും പാടത്തും പറമ്പിലും ചന്തയിലും തോടും കുളങ്ങളും എന്തിനു ആ നല്ല മഴക്കാലവും മഞ്ഞുകാലവും വേനലും കണ്ടും കൊണ്ടും തലോടി വരുന്ന ആ കാറ്റില്‍ താളം പിടിക്കുവാന്‍ കൊതിയാകുന്നു. എല്ലാം അകലെയായി, എല്ലാം അടുത്തപ്പോഴും ആഴങ്ങള്‍ ഇല്ലാത്ത മനസ്സുകളായി. 

ഒക്കെ ഓര്‍ക്കുമ്പോള്‍ മനസ്സിലെ ആ കുട്ടികാലം മുന്നില്‍ നിറഞ്ഞ ഈ നിമിഷമെങ്കിലും ഞാനൊന്ന് ആസ്വദിക്കട്ടെ.

ഭാവനകള്‍ കൂട്ടിയിണക്കി വിട്ടതാണ്. എന്‍റെ സ്നേഹതമ്പുരാട്ടിക്കു ഇതില്‍ ഒരു പങ്കുമില്ലെന്ന് ഇതിനാല്‍ പ്രഖ്യാപിക്കുന്നു.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌