രണ്ടു നക്ഷത്രം

സമീറിന്നു അന്ന് ഉറക്കം വന്നതേയില്ല. ഉപ്പ മരിച്ച രാത്രിയില്‍ ഉപ്പയോടൊപ്പം  ആ പായില്‍ ചേര്‍ന്ന് കിടക്കാന്‍ കരഞ്ഞപ്പോള്‍ ബാല്ല്യേച്ചി തന്നെ എടുത്തു കൊണ്ടുപോയി ചാണം മെഴുകിയ അവരുടെ കോലായില്‍ കൈതോലപ്പായയില്‍ തന്നിലേക്ക് ചേര്‍ത്ത് പിടിച്ചു കിടത്തി ഉറക്കിയത് അവന്‍ അറിയാതെ ഓര്‍ത്തു പോയി. ഓര്‍മ വച്ച നാള്‍ മുതലേ വീട്ടിലെ പാത്രങ്ങളോടും തീര്‍ത്താല്‍ തീരാത്ത പണികളോടും ഉടുമുണ്ട് എടുത്തു കുത്തി ഓടിനടക്കുന്ന ബാല്ല്യേച്ചി എന്നും കൌതുകം തന്നെയാണ്. വീട്ടിലെ  അര്‍ദ്ധ പട്ടിണിയില്‍  പാത്രത്തില്‍ ചോറ് കുറഞ്ഞതിനു സങ്കടം പറയുമ്പോള്‍ മാലാഖയെ പോലെ വന്നു തന്നെ കൂട്ടി കൊണ്ട് പോയി ചാണകം മെഴികിയ തറയില്‍ പലകയിട്ട് അതില്‍ ഇരുത്തി വെളിച്ചെണ്ണയും ഉപ്പും കുഴച്ചു ചോറ് വാരി തന്നിരുന്ന തന്‍റെ രണ്ടാനമ്മ , അങ്ങിനെ വിളിക്കുന്നത് ബാല്ല്യേച്ചി ഇഷ്ടപെട്ടില്ല എങ്കിലും വലുതായപ്പോഴും ഞാന്‍ ചിലപ്പോഴൊക്കെ അങ്ങിനെ വിളിക്കുമ്പോള്‍ മൂളലുകള്‍ നല്‍കി വിളി കേട്ടിരുന്നു - അന്ന് വാരി തന്നിരുന്ന ആ പിടിചോറുകള്‍  തന്‍റെ നാവില്‍ നിന്നും മാഞ്ഞു പോയിട്ടില്ല.

കഴിഞ്ഞ മാസം വീട്ടില്‍ പോയപ്പോള്‍ ബാല്ല്യേച്ചി കിടപ്പിലായിരുന്നു. പഴയ ആരോഗ്യം ഒന്ന് ക്ഷയിച്ചു എങ്കിലും ആവുന്നതല്ലാം സ്വന്തമായി ചെയ്യാന്‍ എന്നും ശ്രമിച്ചിരുന്നു. അടുത്തു പോയി ഇരുന്നപ്പോള്‍ തന്‍റെ കയ്യില്‍ മുറുകെ പിടിച്ചു കുറെ വിശേഷങ്ങള്‍ പറഞ്ഞും ഒക്കെ ഓര്‍ത്തപ്പോള്‍ ഇട നെഞ്ചു പൊട്ടുന്ന പോലെ തോന്നി. ഇടക്ക് ഉമ്മച്ചി വന്നു കഞ്ഞി കോരി കൊടുക്കുമ്പോള്‍ ഇമ്മൂനെ പോയി കൊണ്ട് വരാന്‍ പറഞ്ഞിരുന്നു. ഇമ്മൂ അതാണ്‌ എന്‍റെ പെങ്ങള്‍, ആയിഷ എന്നാണു പേരെങ്കിലും സ്കൂളില്‍ ടീച്ചര്‍മാര്‍ മാത്രമേ ആ പേര് വിളിക്കാറുള്ളൂ, ഇമ്മൂ എന്ന് തന്നെയാണ് കല്യാണം കഴിച്ചതിനു ശേഷവും അവളെ അവിടെയും വിളിക്കാറ്. അന്ന് വൈകുന്നേരം ഞാന്‍ പോയി അവളെയും കുട്ടികളെയും കൊണ്ട് വന്നു, അവള്‍ വന്നാലും അളിയന്‍ കൂടെ ഇല്ലെങ്കില്‍ അധികവും ബാല്ല്യേച്ചീടെ കൂടെ തന്നെയാണ് കിടത്തം. തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറുന്ന ഒട്ടനവധി രഹസ്യങ്ങള്‍ അവര്‍ പങ്കു വെച്ചുകാണും.

ബാല്ല്യേച്ചിയുടെ ആകെയുള്ള മകള്‍ ഞങ്ങടെ ആത്യേര്‍ എന്നാ ആതിര വിവാഹം കഴിച്ചതിനു ശേഷം അവിടെ സനലിന്‍റെ വീട്ടിലാണ് താമസം. ആത്യേരുടെ കല്യാണദിവസം ബാല്ല്യേച്ചിയുടെ മുഖത്ത് കണ്ട സന്തോഷം പിന്നെ കണ്ടത് ഇമ്മൂന്‍റെ കല്യാണനാളില്‍ ആണ്.  ചെറുപ്പത്തില്‍ ബാല്ല്യേച്ചിയോട് ഒട്ടികിടക്കുമ്പോള്‍ ചോറ് തിന്നാത്ത കുട്ട്യോളെ പിടിച്ചു കൊണ്ട് പോകുന്ന മറുട്ടി മുതല്‍ ഉമ്മാനെ അനുസരിക്കുന്ന കുട്ട്യോളെ കളിക്കാന്‍ കൂട്ടുകയും സ്വപ്നത്തില്‍ വന്നു മുത്തം തരുന്നു മാലാഖയുടെ കഥകള്‍ വരെ നിറച്ചതായിരുന്നു എന്‍റെ ബാല്യം, പലപ്പോഴും ഞാന്‍ ബാല്യേച്ചിയുടെ അമ്മിഞ്ഞ കുടിച്ചായിരുന്നു ഞാന്‍ കിടന്നിരുന്നത് എന്ന് എന്നോടു ഒട്ടു വാല്സല്യത്തോടെ തന്നെ പറഞ്ഞു കളിയാക്കാറുണ്ട്.  മകള്‍ ആത്യേര്‍ക്കന്നു ആറോ ഏഴോ വയസ്സ് കാണും ഞാന്‍ അവരുടെ അമ്മിഞ്ഞ കുടിച്ചിരുന്ന കാലത്ത്.  ചെറിയ വികൃതികള്‍ക്ക് ഉപ്പാ തല്ലാന്‍ വരുമ്പോഴൊക്കെ എനിക്ക് എന്നും അഭയം ബാല്ല്യേച്ചിയുടെ വിയര്‍പ്പിന്‍ മണമുള്ള ആ മടിത്തട്ടും കരങ്ങളും ആയിരുന്നു. പലപ്പോഴും ഉപ്പാനോടു എനിക്ക് വേണ്ടി കയര്‍ക്കുന്നതും കാണാറുണ്ട്. വീട്ടില്‍ അത്രവരെ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്‍റെ ബാല്ല്യേച്ചിക്ക്.

രണ്ടരക്കുള്ള പാസ്സഞ്ചര്‍ രാത്രിയുടെ നിശംബ്ധതയെ കീറിമുറിച്ചു തെളിച്ചു പോകുന്നു. ജനലിലൂടെ സമീര്‍ പഴയതൊക്കെ ഓര്‍ത്തു പുറത്തേക്ക് നോക്കി ഉറക്കം കിട്ടാത്ത ഈ രാത്രിയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. തണുപ്പിന്‍റെ  നേരിയ ആവരണം ശല്ല്യപെടുത്തിയെങ്കിലും ഉള്ളിലെ സ്നേഹബന്ധങ്ങളുടെ മുറിയാത്ത ചൂടില്‍ അതൊന്നും അവന്‍ അറിഞ്ഞതേയില്ല. രാവിലെയുള്ള വണ്ടിക്കു നാട്ടില്‍ എത്താനുള്ള കാത്തിരിപ്പായിരുന്നു ഉറക്കംകെടുത്തുന്ന ഈ യാമങ്ങള്‍.  പണ്ടും ഇതുപോലെ ഒരു ഒരു അര്‍ദ്ധ രാത്രിയില്‍ ആയിരുന്നു ഉപ്പാക്ക് വയ്യാതെ ആയതും രാവിലെ തന്നെ തിരിക്കാന്‍ പറഞ്ഞു ലോഡ്ജിലെ ഫോണിലേക്ക് ഒരു കോള്‍ വന്നതും. അന്ന് വീട്ടില്‍ എത്തിയപ്പോഴോക്കും ഉപ്പ ആരെയും കാത്തു നില്‍ക്കാതെ യാത്രയായിരുന്നു. കരഞ്ഞു തളര്‍ന്ന ഉമ്മയെയും ഇമ്മൂനെയും അന്ന് സമാശ്വസിപ്പിച്ചത്  ബാല്ല്യേച്ചി  എന്ന എന്‍റെ സ്വന്തം രണ്ടാനമ്മയായിരുന്നു. അതെനിക്ക് ഒരു വലിയ ആശ്വാസംതന്നെയായിരുന്നു. ഇത്തരം കാര്യങ്ങള്‍ നല്ല വഴക്കത്തോടെ അടക്കത്തില്‍ തന്നെ ചെയ്യാനുള്ള ചേച്ചിയുടെ സാമിപ്യം എന്നെ ആ നഷ്ടബോദത്തില്‍ നിന്നും ഒരു തിരിച്ചു വരവിനു സഹായിച്ചു. മരണ ശേഷമുള്ള ചടങ്ങുകള്‍ കഴിഞ്ഞു തിരുച്ചു പോരുന്ന ദിവസം എന്നരികില്‍ വന്നിരുന്നു കുറെ കരഞ്ഞു. ഉപ്പയുടെ വിയോഗം ചേച്ചിയെ അനാഥമാക്കി എന്നും പറഞ്ഞു ഉപ്പയുടെ കരുതലും ആ മനസ്സിന്‍റെ നന്മയും പറഞ്ഞു കുറെ കരഞ്ഞു. മരണത്തിലും തകര്‍ന്നു പോകാത്ത ആ സ്നേഹ ബന്ധങ്ങള്‍ക്ക് മുന്നില്‍ , ചാണം മെഴുകിയ ആ തറയില്‍ ഞാന്‍ നിര്‍വികാരമായി മരവിച്ചിരുന്നു. കണ്ണില്‍ ബാഷ്പം പൊടിഞ്ഞപ്പോള്‍ തളരരുത് എന്ന് പറഞ്ഞു കൈതോലപ്പായുടെ മണമുള്ള വിരലുകള്‍ കൊണ്ട് തലോടി കൊണ്ട് പറഞ്ഞു . ഹേയ് എന്തിനീ കരയണ്,  കരയരുത്, ഇവിടുത്തെ കാര്യം നോക്കാന്‍ ഞാനുണ്ട് മോന് ദൈര്യായിട്ടു പോയി വാ ‘. ആ തന്‍റെടം കണ്ടു തന്നെയാണ് ഉപ്പ കച്ചോടത്തിനു പോകുമ്പോള്‍ ബാല്ല്യേച്ചിയുടെ വീട്ടില്‍ കയറി അവരെ ഏല്‍പ്പിച്ചു പോകുന്നത്.

രണ്ടും മൂന്നും ദിവസം തങ്ങുന്ന യാത്ര ആണേല്‍ വീട്ടില്‍ നിന്നും ഇറങ്ങി ഉപ്പ ബാല്ല്യേച്ചിയോട് ഒറ്റയ്ക്ക് എന്തൊക്കെയോ പറയുന്നത് ഞാന്‍ കാണാറുണ്ട്. ആ ഒരു കരുതല്‍ തന്നെയാണ് ഇന്നും എനിക്ക് ബാല്ല്യേച്ചി. പോയി വരുമ്പോള്‍ ആത്യേരെ കണ്ടതായും എഴുത്തും മറ്റും ഉപ്പ ബാല്ല്യേച്ചിക്ക് കൊടുത്തിരുന്നു. ആ കത്ത് വായിച്ചു കൊടുത്തിരുന്നത് ഇമ്മൂ ആയിരുന്നു അങ്ങിനെയാകണം അവര്‍ തലമുറകള്‍ കൈ മാറിയ രഹസ്യങ്ങളാല്‍ കൂടുതല്‍ ബന്ധിതമായത്.

തണുത്ത രാവിലെ തന്നെ തപിക്കുന്ന മനസ്സുമായി വണ്ടി കയറി, പിറകിലേക്ക് ഓടുന്ന കുന്നിന്‍ ചെരിവുകളും പാടവും ആടും മനുഷ്യരും ഒന്നുമേ കണ്ണില്‍ തങ്ങുന്നില്ല. പാളത്തില്‍ നിന്നുയരുന്ന സീല്കാരമോ കാറ്റിന്‍റെ മര്‍മരമോ ഒന്നും അറിയുന്നേയില്ല. എവിടെയൊക്കെയോ നിന്നു ആരൊക്കെയോ വന്നും കയറിയും വണ്ടി ഓടികൊണ്ടിരുന്നു. തന്‍റെ കുട്ടികാലത്തില്‍  ബാല്ല്യേച്ചിയോട് കൂടെ വന്നു കുളിച്ചിരുന്ന ചെറിയ കുളത്തിന്നരികിലൂടെയുള്ള എളുപ്പവഴിയില്‍ കൂടി തന്നെ വേഗം വീട്ടിലേക്കു നടന്നു. കുറച്ചു പേര്‍ മുറ്റത്തും എന്‍റെ വീടിന്‍റെ കൊലയിലും ഇരിക്കുന്നു. കുളിപ്പിക്കാന്‍ എടുത്തു കുട്ടാ എന്ന് ആരൊക്കെയോ തന്നെ നോക്കി പറയുന്നുണ്ടായിരുന്നു. ജന്മാന്തരങ്ങള്‍ കൈമാറിയ രഹസ്യം ഇനി കൈമാറാന്‍ അത് പറഞ്ഞു കൊടുക്കാന്‍ ഇല്ലാതെ എന്‍റെ ഇമ്മൂ കരഞ്ഞു കലങ്ങിയ കണ്ണുകളാലേ തളര്‍ന്നിരുക്കുന്നു. ഇനി ഒരു ജീവന്‍ ഉണ്ടോ എന്ന് സംശയിക്കുമാര്‍ ഉമ്മയും അര്‍ദ്ധബോധത്താല്‍ തേങ്ങി കരയുന്നു. സനല്‍ വന്നു കരം മുറുകെ പിടിക്കുമ്പോള്‍ ഞാന്‍ ഒരു കൈത്താങ്ങിനായി കൊതിക്കയായിരുന്നു.

ചേതനയറ്റ എന്‍റെ ബാല്ല്യേച്ചി ഞാന്‍ വന്നതറിയാതെ വെള്ള പുതച്ചു കിടക്കുന്നു. കുട്ടികാലത്ത് എന്നെ ചുംബിച്ചുരുന്ന മാലാഖകൂട്ടങ്ങള്‍ എന്‍റെ ബാല്ല്യേച്ചിയെ ചുംബിക്കുന്നുണ്ടോ? കാലിന്നിരികില്‍ ഇരുന്നു ആ പാദങ്ങള്‍ ചുംബിക്കുമ്പോള്‍ ചേച്ചി എന്നെ പുണരുന്നു , സ്നേഹത്തിന്‍റെ അണയാത്ത ബന്ധങ്ങള്‍കൊണ്ട് എന്നെ തഴുകുന്നുണ്ട്  , മെല്ലിച്ച കൈകളുടെ കരവലയത്തില്‍ എന്‍റെ വാശികള്‍ക്ക് മുന്നില്‍ പാല്‍ ചുരത്തിയ ആ മാറിലെ ചൂടില്‍ ഞാന്‍ വീണ്ടും ഒരു ശിശുവായി മാറുന്നു. ഉറക്കത്തിന്‍റെ നേരിയ ആവരണം ഭേദിച്ചും രാക്കഥകള്‍ എന്‍റെ കര്‍ണ്ണപടത്തില്‍ പതിയെ പതിയെ വന്നു താളമിടുന്നു.  എണ്ണപുരട്ടിയ ചോറിന്‍റെ നേര്‍ത്ത സുഖമുള്ള മണം എന്‍റെ ബാല്ല്യേച്ചി എനിക്ക് തരുന്നുണ്ട്. പതിയെ ആരോ എന്നെ പിടിച്ചു മാറ്റുമ്പോഴും ബാല്ല്യേച്ചി മൗനിയായി ത്തന്നെ കിടന്നു. അവസാനമായി ഒരായിരും സ്നേഹങ്ങള്‍ പകുത്തു നല്‍കിയ എന്‍റെ രണ്ടാനമ്മയുടെ നെറ്റിയില്‍ അവസാനമുത്തം നല്‍കുമ്പോള്‍ കരയരുത് എന്ന് കാതില്‍ അല്ല മനസ്സില്‍ മന്ത്രിക്കുന്ന പോലെ തോന്നി.

ഇപ്പോള്‍ എല്ലാവരും പോകുന്ന തിരക്കിലാണ് , ഒരു മരണം ഒരു തരം ഒത്തുകൂടല്‍ ആണ് , പണ്ട് കണ്ടവര്‍ ഇനി കാണേണ്ടവര്‍ കണ്ടില്ലെന്നു നടിച്ചവര്‍ തുടങ്ങി എല്ലാവരും ചേര്‍ന്ന് യാത്ര പോലും ചോദിക്കാതെ പോയവരെ യാത്രയയക്കുന്ന ഒരു ഒത്തു ചേരല്‍ അവസാനം വന്നവരും യാത്ര പറഞ്ഞു പടിയിറങ്ങുന്നു. അത്യേര്‍ മാത്രം പോയില്ല, കുട്ടികള്‍ സനലിനോടൊപ്പം പോയി , പഠിപ്പും മറ്റുമൊക്കെ ഉണ്ടത്രേ. ഇമ്മൂ ഇന്നലെ അളിയന്‍ വന്നപ്പോള്‍ പോയി. തളര്‍ന്നു തുടങ്ങിയ് ഉമ്മയുടെ കയ്യില്‍ നിന്നും ചോറ് വാരി തിന്നുമ്പോള്‍ പറമ്പിലെ മൂലയില്‍ ഉറങ്ങുന്ന ബാല്ല്യേച്ചിയുടെ നിശംബ്ദത എന്നെ ആകുലപ്പെടുത്തികൊണ്ടിരുന്നു. അത്യേര്‍ ഇപ്പോഴും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തന്നെയാണ് ചോറ് തിന്നുന്നത്. ഇടക്ക് ഉമ്മ അവളെ സ്നേഹശാസനകള്‍ കൊണ്ട്  സമാധാനിപ്പിക്കുന്നുണ്ട്.   ഇപ്പോള്‍ ഉറങ്ങാന്‍ പോലും ഭയം തോനുന്നു, തണലായിരുന്ന ഉപ്പയും എന്നും സ്നേഹമായി അഭയംതന്നിരുന്നു ബാല്ല്യേച്ചിയും കൂടി പോയപ്പോള്‍ ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക് വീണപോലെ രാത്രിയില്‍ തേങ്ങി കരഞ്ഞുകൊണ്ടിരിന്നു.

തിരിക്കുന്നതിനു മുമ്പ് ഞാന്‍ ആ ചാണം മെഴുകിയ തറയില്‍, അരികുകള്‍ പൊടിഞ്ഞു തുടങ്ങിയ കൈതോലപ്പായയില്‍ ഞാന്‍ ചുരുണ്ടി കൂടി കിടന്നു. ഉമ്മയുടെ കണ്ണുനീര്‍ എന്നെ ഉണര്‍ത്തിയപ്പോള്‍ എന്നരികില്‍ വന്നിരിക്കുന്നു എന്‍റെ പേറ്റ് നോവറിഞ്ഞ ഉമ്മ, ചീകിയാല്‍ പോലും എഴുന്നേറ്റു നില്‍ക്കുന്ന കോലന്‍ മുടികള്‍ക്കിടയില്‍ കൈ വിരലുകള്‍ തലോടി പറയുന്നു - ബാല്ല്യേച്ചി പോയതല്ല , മ്മടെ ഉള്ളിലേക്ക് വന്നതാണ്. കരയാന്‍ തോനിയില്ല കാരണം ഇപ്പോള്‍ ഞാന്‍ ശക്തനാണ് എന്നൊരു തോന്നല്‍ എന്നില്‍ ഉണ്ടായിരിക്കുന്നു. എന്‍റെ ഉമ്മ എന്നിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു.

യാത്ര പറയുമ്പോള്‍ ഉമ്മയുടെ നരച്ച തലമുടികള്‍   തലോടി കൊണ്ട്  നെഞ്ചിലേക്ക് ചേര്‍ത്ത് പിടിച്ചോണ്ട്  കുറെ നേരം നിന്നു. തലമുറകള്‍ക്ക് കൈമാറാന്‍ ഇനിയും സ്നേഹം നിറച്ച ആ ഹൃദയതാളത്തില്‍ ഞാന്‍ എന്‍റെ ബാല്ല്യേച്ചിയെ കേട്ടു. സ്നേഹത്തിന്‍റെ  ഈ തുടിപ്പുകള്‍ ഇനി കാലങ്ങളോളം നില്‍ക്കണം, ഹൃദയങ്ങള്‍ കൊണ്ട് കൈമാറിയ സ്നേഹം എന്‍റെ ഇമ്മൂവിലൂടെ ആത്യേരിലൂടെ എന്‍റെ സ്വന്തം ഉമ്മയിലൂടെ. അന്ന് രാത്രിയില്‍ ഞാന്‍ കണ്ടു രണ്ടു തിളക്കമുള്ള നക്ഷത്രങ്ങള്‍ ഒന്ന് എന്‍റെ വാപ്പചിയും ഒന്ന് എന്‍റെ ബാല്ല്യേച്ചിയും.  

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നന്ദി സുഹൃത്തേ - വീണ്ടും വരിക

ജനപ്രിയ പോസ്റ്റുകള്‍‌